Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

ന്യൂറോസിസ് എന്ന വില്ലന്‍

ന്യൂറോസിസ്, സൈക്കോസിസ് എന്നി രണ്ടുരീതിയിലാണ് മാനസിക രോഗങ്ങളെ തിരിച്ചിരിക്കുന്നത്. ലഘുവായ മാനസികപ്രയാസങ്ങളെയും വിഷമങ്ങളെയുമാണ് ന്യൂറോസിസ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശക്തമായ മാനസിക രോഗങ്ങളെ സൈക്കോസിസ് എന്നും പറയുന്നു. രസകരമായ വസ്തുത ഇവയില്‍ ന്യൂറോസിസ് മനുഷ്യന്‍ തന്‍റെ അറിവില്ലായമയില്‍ നിന്നും ഉണ്ടാക്കുന്ന തകരാറാണ്. അറിവില്ലായ്മ വ്യക്തി ജീവിക്കുന്ന സര്‍വ്വസാഹചര്യങ്ങളുമായി സ്വാധീനം ചെലുത്തുന്നവയാണ്. ഇതു മൂത്ത് മുതുമുത്തച്ഛന്‍ ആകുന്ന അവസ്ഥയാണ് സൈക്കോസിസ്. പക്ഷെ സൈക്കോസിസ് ഉണ്ടാകുന്നതില്‍ ജൈവീകവും ജനിതക ഘടാനപരവുമായ മറ്റുപല കാരണങ്ങളും അടങ്ങിയിട്ടുണ്ട്. നിത്യജീവിതത്തില്‍ നേരിടേണ്ട പ്രതിസന്ധികളെ തരണം ചെയ്യാതെ ഒളിച്ചോടാന്‍ ശ്രമിക്കുന്ന പെരുമാറ്റ വ്യവഹാരമാണ് വാസ്തവത്തില്‍ ന്യൂറോസിസ് അഥവാ നാഡീരോഗം അഥവാ ഞരമ്പുരോഗം.
ലൈംഗീകപരമായ അഭിനിവേശങ്ങളും തോന്ന്യാസങ്ങളും കടന്നുകയറ്റങ്ങളും ഞരമ്പുരോഗത്തില്‍ പെടുന്നതാണ്. സാധാരണഗതിയില്‍ പരിഹരിക്കാന്‍ പറ്റാത്തതോ പ്രയാസമുള്ളതോ ആയ പ്രശ്നങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഉത്കണ്ഠയെ കുറയ്ക്കാന്‍ നിസ്സഹായത, ഉള്‍വലിയല്‍, കുറ്റപെടുത്തല്‍, പഴിചാരല്‍, ഒളിച്ചോട്ടം തുടങ്ങിയ ഏതെങ്കിലും ഒരു മാനസിക പ്രതിരോധതന്ത്രം (ഡിഫന്‍സ് മെക്കാനിസം) മനുഷ്യന്‍ സ്വാഭാവികമായി സ്വീകരിക്കും. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങളില്‍ വ്യക്തിക്ക് ആശ്വാസ ദായകമായ രീതിയില്‍ പരിഹാരങ്ങള്‍ നടക്കണമെന്നില്ല. യാഥാര്‍ത്ഥ്യമെന്തെന്ന് പലപ്പോഴും വ്യക്തി മനസ്സിലാക്കാന്‍ ശ്രമിക്കാതെയായിരിക്കും നേരത്തെ പറഞ്ഞ ഡിഫന്‍സ് മെക്കാനിസം എടുക്കുക. പക്ഷെ എടുത്തണിയാന്‍ തുടങ്ങുന്ന പ്രതിരോധതന്ത്രം കൊണ്ട് വ്യക്തിക്ക് യാതൊരു പ്രയോജനവും ഇല്ല. വസ്തുതകളെ യുക്തിപൂര്‍വ്വം ഉള്‍ക്കൊള്ളാതെ കുറ്റപ്പെടുത്തിയും, ദേഷ്യപ്പെട്ടും, പൊട്ടിതെറിച്ചും എന്തുപ്രയോജനം? വ്യക്തി അനുഭവിക്കേണ്ടിവരുന്ന ഉത്കണ്ഠയുടെ അളവില്‍ കുറവ് ഉണ്ടാകുകയില്ല എന്നുമാത്രമല്ല താന്‍ പ്രയോഗിക്കുന്ന മാനസികതന്ത്രങ്ങളെ ആശ്രയിക്കുന്നത് മൂലം വ്യക്തിയുടെ ജീവിതത്തിലെ സാധാരണമായ പ്രവ്യത്തികള്‍ മുടങ്ങി കൂടുതല്‍ ഉത്കണ്ഠയിലേക്ക് പോകുന്നു.
നമ്മള്‍ സംസാരിച്ചുവരുന്ന ന്യൂറോസിസിന്‍റെ അഥവാ ഞരമ്പുരോഗത്തിന്‍റെ പ്രധാന ലക്ഷണം അതിയായ ഉത്കണ്ഠയാണ്. ചിലര്‍ക്ക് തന്നില്‍ അധികരിച്ചു വരുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാം. ചിലര്‍ക്കതിന് സാധിക്കുകയില്ല. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, നെഞ്ചരിച്ചില്‍, ഉറക്കകുറവ്, വയറിളക്കം, ശ്രദ്ധകുറവ്, പെട്ടെന്ന് അസ്വസ്ഥരാകുക, ദേഷ്യം വരിക എന്നിവയൊക്കെ രണ്ടാമത്തെ കൂട്ടരില്‍ കാണപ്പെടുന്നു. ഈ കൂട്ടര്‍ തങ്ങളുടെ അസ്വഭാവികമായ പ്രത്യേകതകളെന്തെന്ന് മനസ്സിലാക്കാതെ അവയോട് പൊരുതികൊണ്ടിരിക്കും. പോരാട്ടം നിശ്ചിതഘട്ടം കഴിയുമ്പോഴായിരിക്കും വ്യക്തി ചികിത്സയെക്കുറിച്ച് ചിന്തിക്കുക. പക്ഷെ അപ്പോഴെക്കും തന്‍റെ പ്രയാസങ്ങള്‍ കുറച്ച് കൂടി യോഗ്യത കൈവരിച്ച് ഹിസ്റ്റീരിയ, ന്യൂറോസ്തേനിയ, വിവിധതരം ഫോബിയ, ഒബ്സെസ്സീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍, വിഷാദം, ആങ്സൈറ്റി ഡിസോര്‍ഡര്‍, ലൈംഗീക പ്രശ്നങ്ങള്‍, അവര്‍ഷന്‍/അവോയ്ഡന്‍റ് ഡിസോര്‍ഡര്‍, അപകര്‍ഷത, പഠനപ്രശ്നങ്ങള്‍, തൊഴിലില്‍ പരാജയം, അഡ്ജെസ്റ്റ്മെന്‍റ് തകരാറുകള്‍, മിഥ്യാബോധം, നിരാശ, ആത്മഹത്യചിന്തകള്‍ എന്നീ അവസ്ഥയിലേക്ക് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയേക്കാം.
ഒരുകാര്യം മനസ്സിലാക്കുക, ഏതു മാനസിക രോഗങ്ങള്‍ അതായത്, ന്യൂറോസിസ് /സൈക്കോസിസ് ആയാലും അതില്‍ കാണുന്ന മുഖ്യവില്ലന്‍ കഥാപ്രത്രം ഉത്ക്കണ്ഠയും ഉറക്ക തകരാറുകളുമാണെങ്കിലും മറ്റു ചില രോഗങ്ങളില്‍ വേറെ പല ലക്ഷണങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുക. എന്നാല്‍ ന്യൂറോസിസ് രോഗികളിലെ ഉത്കണ്ഠ വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇവരുടെ ഓരോ ദിനവും നിമിഷങ്ങളും അതീവ ടെന്‍ഷനോടെയായിരിക്കും തള്ളി നീക്കപ്പെടുക. മറ്റൊരു പ്രത്യേകത ഇത്തരം ഉത്കണ്ഠരോഗികള്‍ക്ക് തങ്ങളുടെ ഉത്കണ്ഠയുടെ അടിസ്ഥാനകാരണം അറിയില്ല എന്നതാണ്. എന്നിരുന്നാലും, അബോധമനസ്സില്‍ അടിച്ചമര്‍ത്തിവെച്ച വൈകാരികമായ വസ്തുതകള്‍ തന്നെയാണ് ഏതൊരു വ്യക്തിയുടെയും ഉത്കണ്ഠയുടെ പുറകില്‍ പ്രവര്‍ത്തിക്കുക. ഇത് ഓരോരുത്തരിലും വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുന്നു. അബോധമനസ്സിലേക്ക് അടിച്ചമര്‍ത്തിയ പഴയ ഓര്‍മ്മകള്‍ ഭൂരിപക്ഷവും ക്കുട്ടികാലത്തു സംഭവിച്ചതാകാം. മുതിര്‍ന്ന കാലത്തിലും നേരിടുന്ന വൈകാരിക പ്രയാസങ്ങളും ന്യൂറോസിസിന് വഴിയൊരുക്കുന്നുണ്ട്. പലപ്പോഴായി അബോധ മനസ്സിലേക്ക് അടിച്ചമര്‍ത്തുന്ന വൈകാരിക വസ്തുതകള്‍; കുറ്റബോധം, മനസ്സാക്ഷിക്കുത്ത്, ലജ്ജ, സ്റ്റേജ്ഫിയര്‍, അപകര്‍ഷത എന്നിങ്ങനെയുള്ള അപാകതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ വ്യക്തികള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും പക്വതയും കുറവായതിനാല്‍/ലഭിക്കാ ത്തതിനാല്‍ സ്വാഭാവികമായും മനസ്സ് എടുക്കുന്ന പ്രതിവിധി അതിനെ അടിച്ചമര്‍ത്തലാണ്(സപ്പ്രഷന്‍). അടിച്ചമര്‍ത്തിയവയില്‍ കുറ്റബോധമുണ്ടാക്കുന്ന അനുഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അബോധമനസ്സില്‍ നിന്ന് വെളിയിലേക്ക് വരുവാന്‍ ശ്രമിക്കും. ഈ ഘട്ടത്തില്‍ മനസ്സില്‍ ഒരു ആപല്‍ശങ്ക ഉടലെടുക്കുന്നു. പിന്നീടത് ഉത്കണ്ഠയായും തീരുന്നു. ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ് അങ്ങിനെയാണ് മനുഷ്യന്‍റെ തിരിച്ചറിവ് ബോധമണ്ഡലവുമായി ബന്ധപ്പെടുത്തി സ്യഷ്ടികര്‍മ്മം നടന്നിരിക്കുന്നത്. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏതു വിധത്തിലും എപ്പോള്‍ വേണമെങ്കിലും നമ്മുടെ ചുറ്റും പ്രതിസന്ധികള്‍ ഉണ്ടാകാം. അന്നേരം ഉത്കണ്ഠ സംഭവിച്ചിരിക്കും. ഏതെല്ലാം ഘടകങ്ങളാണ് വ്യക്തികളെ ഉത്കണ്ഠയിലേക്ക് നയിക്കുന്നതെന്ന് പ്രവചിക്കുക അസാധ്യം. എന്നാലും താഴെ പറയുന്ന
സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മെ ഉത്കണ്ഠക്ക് വിധേയരാക്കിയിരിക്കും:
1. വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍
2. കുടുംബത്തിന്‍റെ സമാധാനം നഷ്ടപ്പെടുമ്പോള്‍
3. ജീവിതപങ്കാളിയുടെ കഴിവ്കേടില്‍
4. പങ്കാളിയുടെ ദുശ്ശീലം
5. മക്കളുടെ പിടിപ്പുകേട്
6. വിദ്യാഭ്യാസ പ്രശ്നങ്ങള്‍
7. സമൂഹത്തില്‍ ഉണ്ടാകുന്ന ദുരിതങ്ങളും പ്രയാസങ്ങളും
8. സാമ്പത്തികമായ നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍
9. വേര്‍പാടുകളെ നേരിടുമ്പോള്‍
10. അരക്ഷിതാവസ്ഥ അനുഭവിക്കുമ്പോള്‍
11. തൊഴില്‍പരമായ പ്രയാസങ്ങള്‍
12. അനിശ്ചിതത്വം
13. കുറ്റപെടുത്തലുകളും,പഴികളും
14. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുമ്പോള്‍
15. ഉത്ക്കണ്ഠയുള്ളവരുമായുള്ള സമ്പര്‍ക്കം.
16. ജന്മസിദ്ധവും പാരമ്പര്യവുമായിട്ടുള്ളവ
17. അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വൈകല്യം മൂലം
18. പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയെ നേരിടുമ്പോള്‍
എന്നിങ്ങനെ പോകുന്ന എണ്ണമറ്റ കാരണങ്ങള്‍. ഇതിന് ഒരിക്കലും അവസാന മുണ്ടായിരിക്കില്ല. കാരണം മനുഷ്യജീവിതം എന്നുപറയുന്നത് അതാണ്. ഉത്കണ്ഠ ഓരോരുത്തരിലും ഉണ്ടാക്കുന്ന ലക്ഷണങ്ങളില്‍ സവിശേഷത പുലര്‍ത്തുന്നു. എല്ലാവരിലും ഒരേതരത്തിലുള്ള ലക്ഷണങ്ങളായിരിക്കില്ല. ഉത്ക്കണ്ഠ ഉണ്ടാകുമ്പോള്‍ പൊതുവായി കാണുന്ന ചിലമാറ്റങ്ങളില്‍ രോഗിക്ക്: സംഭ്രമം, കണ്ണില്‍ ഇരുട്ടുകയറുക, തലകറക്കം, നാഡീതളര്‍ച്ച, മറവി, സാംസാരിക്കാന്‍ പ്രയാസം, കൈകാല്‍ കഴപ്പ്, വിറയല്‍, തലചുറ്റല്‍ എന്നി പതിവാണ്. ഇതുകൂടാതെ പേശിവലിവ്, അമിതവിയര്‍പ്പ്, ഹ്യദയമിടിപ്പ് വര്‍ദ്ധിക്കല്‍, ഉറക്കകുറവ്, സ്ഥിരമായ തളര്‍ച്ച അനുഭവപ്പെടല്‍. കിതപ്പ്, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം, മൂത്രശങ്ക, വിക്ക്/കണ്ഠമിടറല്‍, അകാരണമായ മനപ്രയാസം, അസ്വഭാവികമായ ശാരീരികചലനങ്ങള്‍ (നിലത്ത് കിടന്നുരുളല്‍, കൈകാല്‍ നിലത്തടീക്കല്‍, കണ്ണുകള്‍ മേല്‍പ്പോട്ട് പോവുക), മുഖത്തുനോക്കി സംസാരി ക്കാനുള്ള പ്രയാസം, തൊണ്ടയും നാവും വരളുക, ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരം സ്തംഭനാവസ്ഥ, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയായ്ക, ഞെട്ടിത്തെറിക്കല്‍, ലൈംഗികവിരക്തി എന്നിവയും അനുഭവിക്കുന്ന ന്യൂറോട്ടിക് രോഗികളുണ്ട്. അതികഠിനമായ ഉത്കണ്ഠ മനസ്സിനെ ഒരു ഒഴിയാബാധപോലെ പിന്തുടരുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാക്കും. ഈ അവസ്ഥ വ്യക്തിയെ രോഗിയാക്കുക മാത്രമല്ല അവന്‍റെ ആത്മവിശ്വാസത്തേയും കീഴ്പ്പെടുത്തുന്ന ഒന്നാണ്. ഈ രോഗാവസ്ഥയില്‍ രോഗി സ്വയം ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ വികാരവിചാര പ്രവര്‍ത്തികള്‍(ഒബ്സെസ്സീവ് കംപള്‍സീവ് ന്യൂറോസിസ്)ചെയ്യുവാന്‍ നിര്‍ബന്ധിതനാകുന്നു. വ്യക്തിയുടെ അനുദിന ജീവിതത്തിലെ ഏതുപ്രവര്‍ത്തി കളാണ് ഇതില്‍ സന്തതസഹചാരിയായി മാറുക എന്നുപറയാന്‍ കഴിയില്ല. ഇടക്കിടെ മുഖം കഴുക, കുളിക്കുക, കൈക്കാല്‍ കഴുകുക, സൗന്ദര്യസംരക്ഷണം, അമിത വ്യത്തിയും വെടിപ്പും, പാത്രം ഒരുപാട് നേരം കഴുകുക, വസ്ത്രധാരണം, ആചാരാനുഷ്ടാനങ്ങള്‍, കളികള്‍, ജോലിക്കാര്യം, സമയനിഷ്ട, വിനോദങ്ങള്‍, സംശയം, പരിശോധിക്കുക, അടുക്കുംചിട്ടയും തുടങ്ങി എന്തും മനസ്സിന്‍റെ ഒഴിയാബാധയായി മാറാം. അമിതമായ ദേഷ്യം, കര്‍ക്കശഭാവം, വിമര്‍ശനം, മാനസിക-ശാരീരിക പീഢനം(പങ്കാളിയോടും മക്കളോടും), മോഷണം, അധികാര ഭാവം എന്നിവ രോഗാവസ്ഥയില്‍ എത്തിയവരില്‍ കാണുന്നതാണ്.
അനുദിന ജീവിതത്തിലെ സാധാരണങ്ങളായ പ്രവര്‍ത്തികളില്‍ നിന്നും വ്യതിചലിച്ച് അസാധാരണമായ പെരുമാറ്റരീതി എന്നുതോന്നിപ്പിക്കും വിധത്തിലേക്ക് തന്നെ വ്യക്തിത്വം മാറുകയായി. പള്ളിയില്‍ കുര്‍ബാനക്കിടയില്‍ ആയിരത്തിലധികം കുരിശുവരച്ചിട്ടും ത്യപ്തിയാകാത്ത രോഗിയെ കണ്ട് അന്തംവിട്ട് ഇരിക്കേണ്ടി വന്നിട്ടുണ്ട്. കാണുന്നവര്‍ക്ക് ഇതൊരു ശീലമായോ അമിതഭക്തിയായോ തോന്നാം. സത്യത്തില്‍ ഇതൊരു രോഗാവസ്ഥയാണ്. ഇവരുടെ മനസ്സിനെ വിടാതെ വേട്ടയാടുന്ന ഏതെങ്കിലുമൊരു ചിന്തയുണ്ടായിരിക്കും ഇതിന്‍റെ പിന്നില്‍. ഇത്തരം ചിന്തകളും പ്രവര്‍ത്തികളും മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളേയും യുക്തിചിന്ത യേയും മറികടന്ന് ഒരു ഒഴിയാബാധയായി(ഒബ്സെഷന്‍)തീരുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യാന്‍ വെറുക്കുകയും ഒരേസമയം ഇഷ്ടപ്പെടുകയും ചെയ്യുന്ന വിചാരങ്ങളാണ് ഒബ്സഷന്‍. കുടുംബ ബന്ധങ്ങളെയും തൊഴില്‍ ബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളേയും ഇത് ദോഷകരമായി ബാധിച്ച് മാനസികമായ സംഘര്‍ഷ ത്തിലാക്കുന്നു. വാസ്ഥവത്തില്‍ ഇത് മനോരോഗത്തിന്‍റെ വക്കത്ത് എത്തുമ്പോഴാണ് ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ സംജാതമാകുക. വ്യക്തമായി ചികിത്സിക്കാത്ത പക്ഷം ഇത് അപകടകരമായി തീരുന്നു.